Tuesday, February 25, 2014

എന്റെ വര



അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയം. ക്ലാസിലെ മിടുക്കന്‍ , ഒന്നാം റാങ്ക് കാരന്‍ പോരാത്തതിന് വേണ്ടതിലധികം ജാഡയും. ക്ലാസ് തുടങ്ങിയ ആഴ്ചകളില്‍ എപ്പോഴോ ആണ്, ഉപ്പയുടെ പേര് അബൂബക്കര്‍ എന്നായതുകൊണ്ടും അബൂബക്കര്‍ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ എഴുതണമെന്നു അറിയാത്തതുകൊണ്ടും (ഓ.. ഞാനങ്ങു സഹിച്ചു) ഈ ജാഡ ചെക്കനോട് സ്പെല്ലിംഗ് ചോദിച്ചു. ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്ന വര്‍ഷമായതുകൊണ്ട് ചടപടെ എന്ന് ഇംഗ്ലീഷ് സ്പെല്ലിംഗ് പറഞ്ഞാല്‍ അന്തം വിട്ടു നില്‍ക്കാനേ പറ്റൂ. സ്പീഡില്‍ സ്പെല്ലിംഗ് പറഞ്ഞ ജാഡ ചെക്കനോട് വീണ്ടും സ്പെല്ലിംഗ് ചോദിക്കാന്‍ ആത്മാഭിമാനം അനുവദിച്ചില്ല.. എന്നാലും നിവൃത്തി ഇല്ലാതെ വന്നപ്പോള്‍ വീണ്ടും ചോദിച്ചു. ആ സ്പെല്ലിംഗ് ഒന്നൂടെ പറയാമോ.. നേരിയ ഒരു പുച്ഛത്തോടെ അവന്‍ പറഞ്ഞു തന്നു. അന്ന് മുതലേ ലവനോട് ഒരു ഒരു ഇത് ആയിരുന്നു. ആ ഇത് അല്ല. ദേഷ്യം, കുശുമ്പ് എന്നൊക്കെ പറയാം. എന്തിനാപ്പോ ഇവനിത്രക്ക് ജാഡ എന്ന ചിന്തയും.
പിന്നെ ഒരിക്കല്‍ അതേ ക്ലാസില്‍ വച്ചു തന്നെ അവനെന്നെ ആരുടെയോ പേര് വച്ചു കളിയാക്കി. സങ്കടം വന്നു സഹിക്കാതെ ആയപ്പോള്‍ ഞാന്‍ ടീച്ചറോടു പരാതി പറഞ്ഞു. ആദ്യമായിട്ടാവാം, അവനു ഓഫീസിലേക്ക് വിളിപ്പിച്ചു തല്ലു കിട്ടി. അന്ന് തല്ലു കൊണ്ട് നിറഞ്ഞ കണ്ണും ചുവന്ന മുഖവും പകയുമായി ഇറങ്ങി വന്ന ആ രൂപം എനിക്കിപ്പോഴും ഓര്‍മ്മ ഉണ്ട്.
അന്ന് മുതല്‍ അവനു എന്നോട് ദേഷ്യമായിരുന്നു. നിസാര കാര്യങ്ങള്‍ക്ക് വഴക്കുണ്ടാക്കും. ചീത്ത പറയും. കളിയാക്കും. കരയിപ്പിക്കും. ഞങ്ങള്‍ ഒരു കൂട്ടം പെണ്‍കുട്ടികള്‍ അവനെപ്പറ്റി കുശുമ്പ് പറഞ്ഞു രഹസ്യമായി പകരം വീട്ടി.
അങ്ങനെ ആ മൂന്നു കൊല്ലം കഴിഞ്ഞു പോയി... അതിനു ശേഷം പലപ്പോഴും പലയിടത്തും വച്ചു കണ്ടു. മിണ്ടാന്‍ നിന്നില്ല. ഒരു സാധാരണ പുഞ്ചിരി മാത്രം.

കുറച്ചു ദിവസങ്ങള്‍ക്കു മുന്പ് ഈ മുഖപുസ്തകത്തില്‍ അവനെ കണ്ടു. ആളാകെ മാറിയിരിക്കുന്നു. രൂപത്തിലല്ല. സ്വഭാവത്തില്‍, മനോഭാവത്തില്‍, വല്ലാത്ത വ്യത്യാസം. അവനോടു ലേശം ജാഡയോടെ ഞാന്‍ സംസാരിച്ചു തുടങ്ങിയത്. എന്നാല്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളോട് എന്ന പോലെ എന്നോട് സംസാരിക്കുന്ന അവനെ കണ്ടപ്പോളാണ് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നിയത്. ഞാന്‍ ആണ് ഇനിയും മാറാത്തത്. മനസ്സിലെ ദേഷ്യവും രോഷവും ഒക്കെ എവിടെയോ അണയാതെ കിടപ്പുണ്ടായിരുന്നു തുടക്കത്തില്‍ ...
പക്ഷെ അവന്റെ സംസാരം നല്ല ഒരു സുഹൃത്തിനെയാണ് എനിക്ക് തന്നത്.. അതുകൊണ്ടാണ് എന്നെ വരക്കാമോ എന്ന് ചോദിച്ചപ്പോ ശരിയാവോ ഇല്ലയോ എന്ന് നോക്കാതെ വരച്ചത്. ഇനി അവന്റെ ഒറിജിനല്‍ ഫോട്ടോ ഒക്കെ പോയി നോക്കി കുറ്റവും കുറവും കണ്ടെത്താന്‍ നില്‍ക്കണ്ട ആരും.. പറഞ്ഞേക്കാം... Abu Vallam

1 comment: