Sunday, January 19, 2014

ഒരു പരീക്ഷ....

ജീവിതത്തില്‍ ആദ്യമായി ഒരു പി എസ്സ്‌ സി പരീക്ഷ എഴുതി.. അതും ഇത്തിരി പോലും പ്രിപേര്‍ ചെയ്യാതെ.....

കൂടെ റൂമില്‍ ഇരുന്നവരൊക്കെ ഉത്തരത്തിനു വേണ്ടി തല പുകയുന്നുണ്ടായിരുന്നു. എല്ലാര്‍ക്കും ടെന്‍ഷന്‍. വാച്ചില്‍ നോക്കിയും കണക്കു കൂട്ടിയും അവര്‍ ..

ഞാന്‍ പക്ഷെ കൂടുതല്‍ ശ്രദ്ധയും കൊടുത്തത് ആ കോളത്തിന്റെ പുറത്തു പോകാതെ, വൃത്തിയായി മഷി നിറക്കുന്നതില്‍ ആയിരുന്നു....

ഒന്നും അറിയാത്തോണ്ട് ഏതു കോളം വേണേലും വരക്കാം... നല്ല രസമായിരുന്നു... ഇടയ്ക്കിടയ്ക്ക് ചുറ്റുമുള്ളവരെ നോക്കും (നോ , അതല്ല, പെണ്ണുങ്ങള്‍ മാത്രം ഉള്ള ക്ലാസ് ആയിരുന്നു) ....

പക്ഷെ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നിയത് അവസാന നിമിഷം ബെല്ലടിച്ചപ്പോള്‍ അവിടെ നിന്ന ഇന്‍ വിജിലേറ്ററോട് എഴുതി തീര്‍ന്നില്ല, ഇപ്പൊ തരാം, പ്ലീസ് എന്ന് പറഞ്ഞു കാലു പിടിക്കുന്ന ഒരു ചേച്ചിയെ കണ്ടപ്പോള്‍ ആണ്...

ഞാന്‍ എന്തിനാണ് ഈ പരീക്ഷ എഴുതിയതെന്നു പോലും എനിക്കറിയില്ല.. ആരോ നിര്‍ബന്ധിച്ചപ്പോ അപ്പ്ളൈ ചെയ്തു.. ഹാള്‍ ടിക്കറ്റ് വന്നെന്നു അറിഞ്ഞപ്പോള്‍ പോയി എഴുതാന്‍ എല്ലാരും പറഞ്ഞപ്പോ എഴുതി... പക്ഷെ താല്പര്യം തീരെ ഉണ്ടായിരുന്നില്ല.
അവിടെ ടെന്‍ഷന്‍ അടിച്ചും, വിഷമിച്ചും, സമയം തികയാത്തതില്‍ കരച്ചില്‍ വന്നും മനുഷ്യരേ കണ്ടപ്പോഴാണ് ഇതൊക്കെ ഇവരുടെ ജീവിതത്തില്‍ എന്ത് മാത്രം പ്രാധാന്യം ഉള്ളതാണ് എന്ന് മനസ്സിലായത്.
ഇന്നലെ എവിടയോ കണ്ടു.. പി എസ് സി പരീക്ഷ എഴുതല്‍ ഇപ്പൊ പലരുടെയും ഹോബി ആണെന്ന്.. അങ്ങനെ ആണെങ്കില്‍ ഈ ഒരു സമ്പ്രദായത്തെ അപമാനിക്കലും, അബദ്ധ വശാല്‍ കറക്കിക്കുത്തിയ ഉത്തരങ്ങള്‍ ശരിയായി ലിസ്റ്റില്‍ എങ്ങാനും പെട്ടാല്‍ അര്‍ഹതയുള്ള ഒരുപാട് പേരോടുള്ള പൊറുക്കാനാകാത്ത തെറ്റുമായിരിക്കും ചെയ്യുന്നത്.

അതുകൊണ്ട് ഇനി മുതല്‍ ആത്മാര്‍ഥമായി പഠിച്ചു പരീക്ഷ എഴുതും.. അല്ലെങ്കില്‍ തീരെ എഴുതാതിരിക്കും. അതാണ്‌ ഞാന്‍ തീരുമാനിച്ചത്..

വര്‍ഷങ്ങളായി ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടും ഇത് വരെ കിട്ടാത്ത , ആത്മാര്‍ഥതയോടെ ജോലി ആഗ്രഹിക്കുന്ന ഏറ്റവും അര്‍ഹരായ എല്ലാവര്‍ക്കുംവേണ്ടി എന്റെ ആശംസകള്‍, പ്രാര്‍ഥനകള്‍ ...