Thursday, September 5, 2013

എന്റെ മനസ്സില്‍ 'യുക്തിവാദം' എന്നാല്‍ ...


ചെറുപ്പത്തില്‍ പഴയ സാധനങ്ങള്‍ കൂട്ടി വയ്ക്കുന്ന കൊച്ചു മുറി എന്ന് വിളിക്കപ്പെടുന്ന തറവാട്ടിലെ മുറിയില്‍ എപ്പോളും കേറിയിറങ്ങുന്ന പതിവ് എനിക്കുണ്ടായിരുന്നു... വേറൊന്നിനുമല്ല എന്തെങ്കിലും കൌതുകമുള്ള വസ്തുക്കള്‍ അവിടെ നിന്നും പൊക്കി കൊണ്ട് പോവുക. അതായിരുന്നു മെയിന്‍ പരിപാടി. ഇഷ്ടം പോലെ കാസറ്റുകള്‍ ഉണ്ടാകും അതില്‍ .. അവയില്‍ നിന്നും നല്ലത് മാറ്റി വച്ചിട്ടു പഴയതിന്റെ പൊട്ടിയ വള്ളി ഊരിയെടുക്കും, എന്നിട്ട് തിളക്കമുള്ള ആ വള്ളികള്‍ കൊണ്ട് കളിക്കും.
അങ്ങനെ തപ്പുന്നതിനിടക്ക് കിട്ടുന്ന നല്ല കാസറ്റുകളുടെ കൂട്ടത്തിലാണ് 'യുക്തി വാദികള്‍ക്ക് മറുപടി' എന്ന ലേബല്‍ എഴുതിയ കാസറ്റുകള്‍ ചിലത് കണ്ടത്.
അപ്പോള്‍ എനിക്ക് അറിഞ്ഞു കൂടാ എന്താണ് ആ വാക്കിന്റെ അര്‍ത്ഥം എന്ന്. പുതിയ വാക്കുകള്‍ പഠിക്കാന്‍ എല്ലാ കുട്ടികള്‍ക്കും കൌതുകം ഉണ്ടാകും. ഞാന്‍ സ്വയം അതിന്റെ അര്‍ത്ഥം ഊഹിക്കാന്‍ ശ്രമിച്ചു. 'യുക്തി' എന്താണെന്ന് പോലും എനിക്കറിഞ്ഞൂടായിരുന്നു.എന്റെ മനസ്സില്‍ പലതരം അര്‍ഥങ്ങള്‍ വന്നു.അവസാനം ഞാന്‍ ബാപ്പാനോടു ചോദിച്ചു "ബാപ്പാ, യുക്തിവാദി എന്ന് വച്ചാ എന്താ?"
എനിക്ക് മനസ്സിലാകാന്‍ എളുപ്പത്തില്‍ ബാപ്പ പറഞ്ഞു തന്നത് അല്ലാഹു ഇല്ലെന്നു വിശ്വസിക്കുന്ന ആളെയാണ് യുക്തി വാദി എന്ന് വിളിക്കുന്നതെന്ന്.
അല്ലാഹു ഇല്ലെന്നു വിശ്വസിക്കുകയോ? എങ്ങനെയാ അതിനു പറ്റുക? ആലോചിക്കാന്‍ പോലും കഴിയുന്നില്ലായിരുന്നു...

അതൊക്കെ കഴിഞ്ഞു വര്‍ഷങ്ങള്‍ കടന്നു പോയി.. ഇതിനിടക്കൊന്നും ഞാന്‍ ഈ യുക്തി വാദികളെയോ നിരീശ്വര വാദികളെയോ കണ്ടിട്ടില്ല. ഇവിടെ ഈ സൈബര്‍ സ്പേസില്‍ എത്തി പ്പെട്ടപ്പോഴാണ്, പലതരം ആളുകളെ കാണുന്നതും അറിയുന്നതും. ദൈവം ഇല്ലെന്നു
വാദിക്കുന്നവരും, മതേതര വാദികളും, തീവ്ര മത വാദികളും, അങ്ങനെ പല തരം ഗണത്തില്‍ പെടുന്ന ജീവികള്‍ ..
നമ്മുടെ യുക്തിക്കനുസരിച്ച് വിശ്വസിക്കുന്നവരായിരിക്കണം സത്യത്തില്‍ യുക്തി വാദികള്‍ . അല്ലാതെ ദൈവം ഇല്ലെന്നും പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നും,മനുഷ്യന്‍ പരിനാമാങ്ങള്‍ക്ക് വിധേയമായി ഉണ്ടായതാണെന്നും ഉറപ്പിച്ചു വിശ്വസിക്കുന്നതിനെ യുക്തിയായി കാണാന്‍ പറ്റുമോ? എനിക്ക് തോന്നുന്നില്ല. ഈ യുക്തി പറയുന്നത് ഓരോ മനുഷ്യനും വ്യത്യസ്തമായിരിക്കുമല്ലോ.
പറഞ്ഞു വന്നത് അതൊന്നുമല്ല.. ഈയിടെ മേല്‍ പറഞ്ഞത് പോലുള്ള ഒരു യുക്തി വാദി/നിരീശ്വര വാദിയായ സുഹൃത്ത് പറഞ്ഞു, ഈ ലോകത്ത് വിശ്വസിക്കാന്‍ കൊള്ളാവുന്നവര്‍ യുക്തി വാദികള്‍ മാത്രമാണ്,മത വിശ്വാസികളെക്കാള്‍ , പിന്നെ അവരൊരിക്കലും ഒരു തെറ്റും ചെയ്യില്ല എന്ന്. എന്ന് വച്ചാല്‍ ഈ തെറ്റുകള്‍ ചെയ്യുന്നത് മുഴുവന്‍ മത വിശ്വാസികള്‍ ആണെന്ന്. അതെനിക്കറിയില്ല. ഇത് വായിക്കുന്ന നിരീശ്വര/മതേതര/യുക്തി വാദികള്‍ സ്വയം ചോദിച്ചാല്‍ മതി......
പക്ഷെ ഇക്കാണുന്ന കൊലപാതകങ്ങളും ബാലാല്‍സന്ഘങ്ങളും മറ്റു പാതകങ്ങളും ഉണ്ടാകുമ്പോള്‍ അത് ചെയ്യുന്ന ആളുടെ മത വിശ്വാസം കൊണ്ടാണോ അയാളെ അളക്കേണ്ടത്‌? അയാളുടെ മനുഷ്യത്വത്തെ അല്ലെ അവിടെ വിചാരണ ചെയ്യേണ്ടത്?
എന്റെ ചിന്ന സംശയം മാത്രം.
പിന്നെ ഒരു തെറ്റും ചെയ്യാത്ത നിശകളങ്കരായ നിരീശ്വര വാദികള്‍ ... അവരോടു ഒന്ന് ചോദിക്കണമെന്നുണ്ട്. ഒരു പ്രകോപനവുമില്ലാതെ നിങ്ങളുടെ അമ്മ ചീത്തയാനെന്നും അപ്പന്‍ പെണ്ണ് പിടിയനാണെന്നും പറഞ്ഞു ഒരാള്‍ തെറിയഭിഷേകം ചെയ്തെന്നു വക്കൂ.. എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ? ഓ.. ചിലപ്പോള്‍ നിങ്ങള്‍ ക്ഷമിക്കുമായിരിക്കും... നിങ്ങള്‍ സമാധാന പ്രിയരാണല്ലോ...? ഇനീപ്പോ ഒട്ടും സഹിക്കാതെ വന്നാല്‍ നിങ്ങള്‍ തിരിച്ചും തെറി വിളിക്കും. കൊല്ലാനൊന്നും പറ്റില്ലല്ലോ ജയിലില്‍ പോകേണ്ടി വരും.
അപ്പൊ പിന്നെ ഒന്നാലോചിച്ചു നോക്കൂ.. സ്വന്തം അമ്മയേക്കാളും അച്ഛനേക്കാളും എന്തിനു സ്വന്തത്തെക്കാളേറെ ഒരു വിശ്വാസി സ്നേഹിക്കുന്നുണ്ട് ദൈവത്തെ. ദൈവത്തെ മാത്രമല്ല ശ്രീ കൃഷ്ണനെയും യേശുവിനെയും മുഹമ്മദിനെയും. ചിലരത് ഒരു മത വിശ്വാസത്തിന്റെ ഭാഗമായി ചെയ്യുന്നതാണെങ്കില്‍ ചിലര്‍ മാനസീകമായി വളരെ അടുത്തു ഒരു പ്രണയത്തിന്റെ പരിപാവനതയോടെ അവരെ മനസ്സിലേറ്റി നടക്കുന്നവരാണ്.
അങ്ങനെ ഉള്ള ശ്രീ കൃഷ്ണന്‍ സ്ത്രീ വിഷയത്തില്‍ വളരെ തല്പരനായിരുന്നെന്നും രാസലീലയുടെ പേരില്‍ വ്യഭിച്ചരിച്ച്ചു നടന്നെന്നും മുഹമ്മദ്‌ നബി കാമ ഭ്രാന്തനായിരുന്നെന്നും യേശു മഗ്ദലനമറിയവുമായി മറ്റേ ബന്ധത്തിലായിരുന്നെന്നും ഒക്കെ പറഞ്ഞു കുറെ തെറിയും കൂടെ ചേര്‍ത്തു പൊതു ഇടത്തില്‍ പോസ്ടിയാല്‍ എന്തായിരിക്കും അവരുടെ മാനസികാവസ്ഥ? നേരത്തെ പറഞ്ഞത് പോലെ, സ്വന്തം അമ്മയേക്കാള്‍ അച്ഛനെക്കാള്‍ തന്നെക്കാള്‍ അധികം വിശ്വാസികള്‍ സ്നേഹിക്കുന്ന സംപൂജ്യരെ തെറി വിളിക്കുന്നത്‌ ഒരു തെറ്റല്ലെന്നാണോ? അങ്ങനൊക്കെ ചെയ്യുമ്പോള്‍ അവിടെ വ്രണപ്പെടുന്നത് മത വികാരമാണോ? മനസ്സല്ലേ യുക്തി വാദി സുഹൃത്തെ?
അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും മതത്തിനെ പേരില്‍ നടക്കുന്ന മറ്റെല്ലാ വൃത്തികെട്ട ഏര്‍പ്പാടുകളും തടയപ്പെടേണ്ടതു തന്നെ, സംശയം ഇല്ല അതില്‍ .
ഈ യുക്തി വാദികള്‍//, നിരീശ്വര വാദികള്‍ എന്ന് പറയുന്ന ചേട്ടന്മാര്‍ തീവ്ര മതേതര വാദികളും രാജ്യ സ്നേഹികളും ഒക്കെയാണ്. രാജ്യത്തെ സ്നേഹിക്കുന്ന അവര്‍ ഒരല്‍പമെങ്കിലും അതെ രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നതും നല്ലതല്ലേ?
സംസ്കാരങ്ങളെ ബഹുമാനിക്കുകയും അനാചാരങ്ങളെ തള്ളിക്കളയുക, അതൊക്കെയല്ലേ യുക്തി വാദികള്‍ എന്നാ നിലയില്‍ നിങ്ങള്‍ ചെയ്യേണ്ടത്?
നിങ്ങള്‍ തെറി വിളിക്കുമ്പോള്‍ വായിക്കുന്ന ആള്‍ നിങ്ങളിലുള്ള നിരീശ്വര വാദത്തെയല്ല, മറിച്ചു നിങ്ങളുടെ പേരില്‍ നിന്നും നിങ്ങള്‍ വളര്‍ന്ന മത സംസ്കാരത്തെയാണ് മനസ്സിലാക്കി എടുക്കുന്നത്. അവിടെ വളരുന്നത്‌ മത വിദ്വേഷമാണ്. അങ്ങനെ അറിയാതെ തന്നെ നിങ്ങള്‍ അവിടെ വര്‍ഗ്ഗീയത വളര്‍ത്തുന്നു.
ഒരു മതവും തെറ്റ് ചെയ്യാന്‍ ആരെയും പ്രേരിപ്പിക്കുന്നില്ല, പ്രചോദനമാവുന്നില്ല. നന്മയുടെ ഒരു ആദര്‍ശമാണ് അവ പഠിപ്പിക്കുന്നത്‌. അത് ചിലര്‍ ഉള്‍ക്കൊള്ളുന്നു, ചിലര്‍ പാടെ തള്ളിക്കളയുന്നു. അതില്‍ ദൈവത്തിനെ തെറി വിളിക്കാന്‍ എന്താണുള്ളത്? മതങ്ങളും ആചാരങ്ങളും ഐതിഹ്യങ്ങളും ഒരു പക്ഷെ മനുഷ്യ നിര്‍മ്മിതമായിരിക്കാം. പക്ഷെ മനുഷ്യ നന്മയുടെ ആദര്‍ശം അത് ഹിന്ദുവിന്റെതായാലും മുസ്ലിമിന്റെതായാലും ക്രിസ്ത്യാനിയുടെതായാലും പൊതുവായ ഒരു ശക്തിയില്‍ നിന്നും ഉത്ഭവിച്ഛതാകാം. തീര്‍ത്തും മത വിശ്വാസിയായ ഒരാള്‍ തെറ്റ് ചെയ്യുന്നവരില്‍ ഉണ്ടാകാം, നന്മയുടെ പര്യായമാകുന്നവരിലും ഉണ്ടാകാം. എന്ന് വച്ചു അത് കൊണ്ട് മാത്രം ആ മതം ചീത്തയെന്നോ മോശമെന്നോ വ്യാഖ്യാനിക്കുന്നത് ശരിയാണോ?
അതുകൊണ്ട് ഈ തെറി വിളിയും അനാവശ്യം പറയലും ഒഴിവാക്കിക്കൂടെ? ഒരു മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. എന്നാലും വിശ്വാസത്തെ തെറി വിളിക്കാതിരുന്നു കൂടെ?

മത വികാരമല്ല, മനസ്സാണ് വ്രണപ്പെടുന്നത്.